ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

📜 കോന്നി ഗ്രാമപഞ്ചായത്തിന്റെ ചരിത്രം

ചരിത്രപരവും സാംസ്കാരികവുമായ പൈതൃകത്തിന്റെ സംക്ഷിപ്ത വിവരണം

🏛️ ചരിത്രം

രാജാവ് പാർക്കുന്ന ഗ്രാമം എന്നർത്ഥമുള്ള 'കോൻ-ടി-ഊർ' എന്ന തമിഴ് വാക്കിൽ നിന്നുമാണ് കോന്നിയൂർ അഥവാ ഇന്നത്തെ കോന്നി എന്ന സ്ഥലനാമം ഉണ്ടായത്. പാണ്ഡ്യരാജ്യത്തെ ചെമ്പഴന്നൂർ ശാഖക്കാരായ പന്തളം രാജകുടുംബവുമായി അഭേദ്യമായ ബന്ധമുള്ള ഈ പ്രദേശം, അവരുടെ ഒരു നൂറ്റാണ്ടിലധികം നീണ്ട ഭരണത്തിനും വിവിധ കോയിക്കലുകളുടെ (കൊട്ടാരങ്ങൾ) നിർമ്മാണത്തിനും സാക്ഷ്യം വഹിച്ചു. പടയാളികൾക്ക് ആയോധനമുറകൾ അഭ്യസിപ്പിച്ചിരുന്ന മല്ലശ്ശേരി (മല്ലയുദ്ധം), വാഴമുട്ടം (വാൾപയറ്റ്), ളാക്കൂർ (അമ്പെയ്ത്ത്) തുടങ്ങിയ സ്ഥലങ്ങളും, ശൈവ വിശ്വാസികളായ രാജാക്കന്മാർ സ്ഥാപിച്ച മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രവും കോന്നിയുടെ ചരിത്ര പ്രാധാന്യം വിളിച്ചോതുന്നു. മധുര മുതൽ ചെങ്ങന്നൂർ വരെ നീണ്ടിരുന്ന പുരാതന വാണിജ്യ വനപാതയുടെ കേന്ദ്രമായിരുന്ന കോന്നി, പിന്നീട് സാമ്പത്തിക പ്രതിസന്ധികൾ കാരണം കൊല്ലവർഷം 996-ൽ തിരുവിതാംകൂർ ഭരണകൂടത്തിന്റെ കീഴിലായി. തുടർന്ന്, പതിനേഴാം നൂറ്റാണ്ടിന്റെ ഒടുവിൽ ഫോറസ്റ്റ് ഓഫീസും 1810-ൽ പ്രസിദ്ധമായ ആനക്കൂടും സ്ഥാപിതമായതോടെ വനപരിപാലന രംഗത്ത് കോന്നി ശ്രദ്ധേയമായി. 1823-ൽ പ്രൈമറി വിദ്യാഭ്യാസവും, 1923-ൽ ഇംഗ്ലീഷ് വിദ്യാഭ്യാസവും ആരംഭിച്ച ഈ നാടിന്റെ കീർത്തി ലോകമെമ്പാടും എത്തിച്ചത് പ്രശസ്ത ദാർശനികനായ ഗുരു നിത്യചൈതന്യയതിയാണ്. ഒടുവിൽ 1948-ൽ വില്ലേജ് യൂണിയനായും, 1953-ൽ ആദ്യ ജനാധിപത്യ പഞ്ചായത്ത് കമ്മിറ്റിയിലൂടെയും കോന്നി ഇന്നത്തെ ആധുനിക തദ്ദേശഭരണ സംവിധാനത്തിലേക്ക് രൂപപ്പെടുകയും ചെയ്തു.

സാമൂഹിക-സാംസ്കാരിക ചരിത്രം

കോന്നി മുൻകാലത്ത് കോന്നിയൂരായിരുന്നു. രാജാവ് പാർക്കുന്ന ഗ്രാമം എന്ന് അർത്ഥമുള്ള കോന്‍-ടി-ഊര്‍ എന്ന തമിഴ് വാക്കില്‍ നിന്നാണ് കോന്നിയൂര്‍ എന്ന സ്ഥലനാമവും തുടർന്ന് കോന്നിയും ഉണ്ടായത്. പന്തളം, പന്തളംരാജവംശം എന്നിവയുടെ പൂർവ്വ ചരിത്രവുമായി കോന്നിയുടെ ചരിത്രം അഭേദ്യമാംവിധം ബന്ധപ്പെട്ടുകിടക്കുന്നു. പന്തളം രാജവംശത്തിന്റെര പൂർവ്വീകർ പാണ്ഡ്യരാജ്യം ഭരിച്ചിരുന്ന രാജാക്കന്മാരായിരുന്നു. കൊല്ലവർഷം 79-ാം ആണ്ടില്‍ അവർ കേരളക്കരയില്‍ എത്തിയെന്നാണ് ചരിത്രകാരന്മായർ അഭിപ്രായപ്പെട്ടിട്ടുള്ളത്. കൊല്ലവർഷം 79 കന്നിമാസം 11-ാം തീയതി പന്തളത്തുതമ്പുരാന്‍ പാണ്ഡ്യരാജ്യത്തുനിന്നും കേരളത്തില്‍ പാർക്കാൻ വന്ന സമയം അദ്ദേഹത്തിന് തിരുവിതാംകൂറിൽ നിന്നും ഒരു ചെമ്പുപട്ടയം കൊടുത്തിട്ടുണ്ട്. അത് ഇന്നും പന്തളം രാജകുടുംബത്തിന്റെം അധീനതയിലിരിക്കുന്നു. അത് കോലെഴുത്തില്‍ എഴുതിയിട്ടുള്ളതും വാചകരീതി മലയാളമായിട്ടും കാണുന്നു. അങ്ങനെയാണെങ്കില്‍ കൊല്ലവർഷം 79-നും കുറേക്കാലം മുമ്പെങ്കിലും ആ കുടുംബക്കാര്‍ പന്തളത്ത് വാസം ആരംഭിക്കുകയും രാജ്യഭരണം നടത്തുകയും ചെയ്തിരിക്കണം. അപ്പോള്‍ ഇന്നത്തേക്ക് പന്ത്രണ്ട് നൂറ്റാണ്ടിനു മുമ്പെങ്കിലും പന്തളം രാജ്യം നിലവില്‍ വന്നു കഴിഞ്ഞിരുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു. പാണ്ഡ്യരാജവംശം ഉപേക്ഷിച്ച അതിലെ ചെമ്പഴന്നൂര്‍ ശാഖക്കാരാണ് പന്തളം രാജകുടുംബാംഗങ്ങളുടെ പൂര്വ്വീ കര്‍. മധുര ഉപേക്ഷിച്ച അതിലെ ചെമ്പഴന്നൂര്‍ ശാഖക്കാർ ശിവഗിരി എന്ന ഗ്രാമം (തമിഴ്നാട്) വിലയ്ക്കുവാങ്ങി അവിടെ താമസം തുടങ്ങി. ശിവഗിരിവിടേണ്ടിവരികയും കേരളാതിര്ത്തി യിൽ എത്തുന്നതിനുമുമ്പു തന്നെ തെങ്കാശി, ഇലന്തൂർമണിയം എന്നിവിടങ്ങളിൽ സ്വത്തുക്കളും മറ്റും സമ്പാദിച്ച് താമസിക്കുകയും ചെയ്തു. അക്കാലത്ത് വേണാട് രാജാക്കന്മാരുടെ സഹകരണവും അവരുമായി വിവാഹബന്ധങ്ങളും ഉണ്ടായി. ആ സാഹചര്യത്തിലായിരിക്കണം വേണാടിന്റൊ ആനുകൂല്യങ്ങളോടുകൂടി സഹ്യസാനുക്കളിലുള്ള അച്ചന്കോങവിൽ, കോന്നിയൂര്‍ എന്നിവിടങ്ങളിൽ താമസിക്കാനിടവന്നിട്ടുണ്ടാവുക. ഈ രാജവംശം കോന്നിയൂരില്‍ ഒരു നൂറ്റാണ്ടിലേറെക്കാലം താമസിച്ചിരുന്നതായി പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുള്ള വസ്തുതയാണ്.

കൊല്ലവര്ഷംം 345-ാം ആണ്ട് മീനമാസം 17-ാം തീയതി രാജ രാജവർമ്മ എന്ന ഇളയരാജാവ് രേഖപ്പെടുത്തിയതായി കാണുന്ന മറ്റൊരു ലിഖിതപ്രകാരം, കൊല്ലവർഷം 345-നു മുമ്പുതന്നെ കോന്നിയൂരില്‍ ഒരു കോയിക്കൽ നിർമ്മിച്ച് രാജകുടുംബത്തിൽപ്പെട്ട സ്ത്രീകളെയും കുഞ്ഞുങ്ങളെയും അവിടെ പാർപ്പിച്ചിരുന്നതായി കാണാം. അച്ചൻകോവിലിൽ നിന്നും പടിഞ്ഞാറോട്ടു നീങ്ങിയ ചെമ്പഴന്നൂർ ശാഖക്കാർ തുറ എന്ന സ്ഥലത്തെത്തി അച്ചൻകോവിലാറിന് കുറുകെ കടന്ന് കരിപ്പാന്തോകട്, നടുവത്ത് മൂഴി, വയക്കര, കുമ്മണ്ണൂര്‍, ആനകുത്തി വഴി മഞ്ഞക്കടമ്പ് എത്തിച്ചേരുകയുണ്ടായി. ഒരു കോയിക്കലാണ് അവിടെ ആദ്യം പണിയിച്ചത്. അത് മഞ്ഞക്കടമ്പിനടുത്ത് കോയിക്കലേത്ത് എന്നറിയപ്പെടുന്നു. അവിടെയാണ് ആരംഭത്തില്‍ എല്ലാവരുമൊന്നിച്ചു പാർത്തത്. കൂടുതല്‍ ആളുകൾ വന്നുചേർന്നതോടുകൂടി പുതിയ കോയിക്കലുകൾ നിർമ്മിച്ചു. ആറിന്റെ് വടക്കേകരയിൽ നിർമ്മിച്ച കോയിക്കലേത്ത് കോയിക്കൽ, നടുവിലെ കോയിക്കൽ, മഠത്തിൽകോയിക്കൽ, മുണ്ടുവെലികോയിക്കൽ, ഈറാട്ടുകോയിക്കൽ, പുതിയകോയിക്കൽ എന്നീ കോയിക്കലുകളിൽ താമസമാക്കുകയും ചെയ്തു. ഒപ്പം ബ്രാഹ്മണാലായങ്ങളായ മനകളും മഠങ്ങളും ഉണ്ടാക്കി. അവരോടൊപ്പം വന്ന പടയാളികള്‍ സമീപപ്രദേശങ്ങളിൽ താമസിച്ചു. അവർക്ക് ആയുധപരിശീലനം നല്കുയന്നതിന് ഗോപുരത്തുംമണ്ണ്, പാലവന്മദണ്ണ് എന്നീ സ്ഥലങ്ങള്‍ ഉപയോഗിച്ചു. കളരിപരിശീലനം നല്കുന്നതിന് അയിരമണ്ണിൽ കളരി സ്ഥാപിച്ചു. പരിശീലനത്തിനിടയില്‍ പരുക്കുപറ്റുന്നവരെ ചികിത്സിക്കുന്നതിന് വൈദ്യന്മാരെയും പാർപ്പിച്ചു. ഔഷധചെടികള്‍ നട്ടുവളർത്തിയ  ഔഷധത്തോട്ടവും കാവും സമീപത്തായി സംരക്ഷിച്ചു. പടയാളികള്‍ താമസിച്ചിരുന്ന ഐരവണിൽ അവർക്ക് ആരാധന നടത്തുന്നതിന് പുതിയകാവിൽ ഒരു കാളീക്ഷേത്രവും സ്ഥാപിച്ചു. വ്യത്യസ്ത ആയോധനമുറകൾ അഭ്യസിപ്പിക്കുന്നതിന് സമീപസ്ഥലങ്ങളിൽ പരിശീലനകേന്ദ്രങ്ങളുണ്ടാക്കി. മല്ലശ്ശേരി, മല്ലയുദ്ധം പരിശീലിപ്പിച്ചിരുന്ന സ്ഥലമാണ്. വാൾമുട്ട് അഥവാ വാൾപയറ്റ് അഭ്യസിച്ചിരുന്ന സ്ഥലം വാഴമുട്ടവും ലാക്ക് നോക്കി അമ്പെയ്ത്ത് അഭ്യസിപ്പിച്ചിരുന്ന സ്ഥലം ലാക്ക് ഊര്‍ അഥവാ ളാക്കൂർ -ഉം ആയി‍.

കോന്നിയൂര്‍ ഗ്രാമം ശൈവമതവിശ്വാസികളായ പാണ്ഡ്യരാജാക്കന്മാർ രൂപപ്പെടുത്തിയത് മുരിങ്ങമംഗലംക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ്. ഏകദേശം മൂന്നുറു വര്ഷെത്തോളം കോന്നിയിൽ താമസിച്ച രാജകുടുംബാംഗങ്ങളുടെ പ്രധാന ആരാധനാലയങ്ങളായിരുന്നു അവര്‍ നിർമ്മിച്ച മുരിങ്ങമംഗലം മഹാദേവക്ഷേത്രം, പുതിയകാവ് ഭഗവതിക്ഷേത്രം, അയിരമണ്‍ കൃഷ്ണസ്വാമിക്ഷേത്രം, ഇളങ്ങവട്ടം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, അരുവാപ്പുലം എള്ളാംകാവ് ക്ഷേത്രം എന്നിവ. മധുര മുതല്‍ പഴയ ചെങ്കോട്ട താലൂക്കിലെ പമ്പിളി, അച്ചന്കോാവിൽ പ്രദേശങ്ങളിലുടെ വനപ്രദേശത്തുള്ള തുറ എന്ന സ്ഥലത്ത് വന്ന് അച്ചന്കോലവിലാറിന്റെഅ വടക്കേക്കരിയിലൂടെ കോന്നിയൂരും കുമ്പഴയും പത്തനംതിട്ടയും കഴിഞ്ഞ് ചെങ്ങന്നൂരില്‍ ഇന്നത്തെ എം.സി റോഡിലെത്തിച്ചേരുന്ന വിസ്തൃതമായൊരു വനപാതയുണ്ടായിരുന്നു. ഗതാഗതത്തിന് പുറമെ വാണിജ്യാവശ്യങ്ങൾക്കും ഈ പാത ഉപയോഗിച്ചിരുന്നു. പഴയപാതയുടെ നിശ്ചിതദൂരങ്ങളില്‍ ഇളുപ്പുകല്ലുകൾ സ്ഥാപിച്ചിരുന്നതായി ഇപ്പോഴും കാണാം. മേല്പ്പഗറഞ്ഞ പാതയ്ക്കു പുറമേ കോന്നിയില്‍ നിന്ന് അച്ചന്കോപവിലാറിന്റെന വടക്കേകരയിലൂടെ പന്തളത്തേക്ക് ഒരു പാത (ശാസ്താക്ഷേത്രങ്ങളായ കുളത്തൂപ്പുഴയേയും ആര്യങ്കാവിനേയും അച്ചന്കോനവിലിനേയും ബന്ധിപ്പിക്കുന്നത്) കൂടി ഉണ്ടായിരുന്നു. മുരിങ്ങമംഗലം ക്ഷേത്രത്തിനു കിഴക്ക് അച്ചൻകോവിലാറിന്റെ തീരപ്രദേശത്ത് സംസ്കാരസമ്പന്നമായൊരു ജനപഥം നിലനിന്നിരുന്നതായി കാണാം. കാക്കര മുതല്‍ അച്ചൻകോവിൽ വരെ വിവിധ ജനവാസകേന്ദ്രങ്ങൾ അക്കാലത്ത് നിലനിന്നിരുന്നു. ആരാധനാകേന്ദ്രങ്ങളും മറ്റും നല്കുകന്ന സൂചനകൾ അതാണ്. കോന്നിയില്‍ നിന്ന് കഷ്ടിച്ച് പത്തുമൈലകലെയുള്ള കാക്കര, മുരിങ്ങമംഗലം ക്ഷേത്രഭരണത്തിലുൾപ്പെട്ട കൊണ്ടോട്ടി യക്ഷിയമ്പലം, ഇതിനു കിഴക്കുമാറി പറക്കുളം, അട്ടിപ്പാറ, കച്ചറ, കേരള-തമിഴ്നാട് അതിർത്തിയിലുള്ള ചേമ്പാല, അച്ചൻകോവിൽ ക്ഷേത്രത്തിനു തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന കോടമല, കറവൂരിന് വടക്കുകിഴക്കായുള്ള കുമരൻകുടി എന്നിവ തകർന്നടിഞ്ഞ ആരാധനാകേന്ദ്രങ്ങളാണ്. കോടമലയില്‍ പ്രസിദ്ധമായൊരു ക്ഷേത്രമുണ്ടായിരുന്നു. പന്തളം രാജാക്കന്മാര്‍ അച്ചൻകോവിലിൽ താമസിക്കുന്ന കാലത്തുതന്നെ ഉണ്ടാക്കിയതാണ് ഈ ക്ഷേത്രം. ഇന്നവശേഷിക്കുന്നത് ക്ഷേത്ര അറയും ജനങ്ങള്‍ താമസിച്ചിരുന്ന പറമ്പുകളും കോടമലതേവരുടെ ഉത്സവത്തിന് ഉപയോഗിച്ചിരുന്ന കൊടിയും മാത്രമാണ്. ശത്രുക്കളുടെ ആക്രമണം മൂലം ക്ഷേത്രം നശിച്ചെങ്കിലും കരക്കാരായ പഴയ കോന്നിയൂര്‍ നിവാസികൾ ക്ഷേത്രക്കൊടി രക്ഷപ്പെടുത്തി ഇന്നും സൂക്ഷിക്കുന്നു.

1775 മുതൽ 1795 വരെ തിരുവിതാംകൂർ രാജാവായിരുന്ന ഉദയമാർത്താണ്ഡവർമ്മ പന്തളം രാജാവിന് ചില സ്ഥലങ്ങള്‍ നല്കിരയതായി സൂചന ലഭിക്കുന്ന രേഖകകൾ കണ്ടുകിട്ടിയിട്ടുണ്ട്. കായംകുളം രാജാവുമായുള്ള യുദ്ധത്തില്‍ മാർത്താണ്ഡവർമ്മയെ സഹായിച്ചതിന്റെ കൃതജ്ഞതയായിട്ടായിരിക്കാം ഏതാനും ഗ്രാമങ്ങളിലെ ഭരണഭാരം ഇവരെ ഏല്പിക്കാൻ കാരണം. ടിപ്പുവിനെ നേരിടുന്ന കാലത്ത് ധർമ്മ രാജാവ് പന്തളം രാജാവിനോട് ധനസഹായം ആവശ്യപ്പെട്ടതായി രേഖകളുണ്ട്. യുദ്ധക്കടം അടച്ചു തീർക്കുവാനായി പന്തളം രാജാവ് കൊല്ലവർഷം 969-ാംമാണ്ട് കാളിയന്‍ എന്ന നായർപ്രഭുവിന് 26400/- പണത്തിന് രാജ്യം അടിമാനക്കാരണം (പണയാധാരം) കൊടുത്തതായും ചില രേഖകളുണ്ട്. അങ്ങനെ കോന്നിയൂര്‍, മലയാലപ്പുഴ ഉൾപ്പെട്ട പ്രദേശങ്ങൾ കാളിയന്റെ അധീനതയിലായി. എന്നിട്ടും കുടിശിക തീരാത്തതു കാരണം പന്തളത്തിന്റെ എല്ലാ സ്വത്തുക്കളും കൊല്ലംവർഷം 996-ല്‍ തിരുവിതാംകൂറിന്റെു വകയായി.

പതിനെഴാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ കോന്നിയിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസും അതിനോടനുബന്ധിച്ച് ഇൻ്സ്പെക്ഷൻ ബംഗ്ളാവും പ്രവർത്തനമാരംഭിച്ചതായി കാണുന്നു. 1810-ല്‍ കോന്നിയിൽ കാട്ടാനപിടിത്തം ആരംഭിച്ചതായി രേഖകളുണ്ട്. ആന പിടിക്കുന്നതിനോടുബന്ധിച്ച് ആനകളെ മെരുക്കിയെടുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ആനക്കൂട് സ്ഥാപിക്കയുണ്ടായി. കോന്നി മുന്നൂറ് എന്ന പ്രസിദ്ധമായ ഒരു ചൊല്ലുണ്ട്. കോന്നിയൂരിന്റെ എട്ടു വില്ലേജുകളിലായി മുന്നൂറ് കുടുംബങ്ങൾ ഉണ്ടായിരുന്നു എന്നതാണ് ഈ ചൊല്ലിന്റെ പൊരുൾ. ഒരുപക്ഷെ കോന്നിയിലെ ആദ്യത്തെ ഗ്രാമസഭ ഈ കുടുംബങ്ങളുടെ കൂട്ടായ്മയായിരുന്നിരിക്കാം. ലഫ്നന്‍റുമാരായ വാർഡ്, കോണര്‍ എന്നീ സായ്പന്മാര്‍ 1820-ല്‍ സംയുക്തമായി പൂർത്തീകരിച്ച തിരുവിതാംകൂറിന്റെറ ജില്ലാതല സർവ്വേ റിപ്പോർട്ട് 1901-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൻപ്രകാരം അന്നത്തെ പന്തളം ജില്ലയില്‍ പന്തളം, കോന്നിയൂര്‍, കക്കാട്, അറക്കുളം എന്നിങ്ങനെ നാല് പ്രവർത്തികകളാണുണ്ടായിരുന്നത്. കോന്നി പ്രവർത്തിയിൽ എട്ടു വില്ലേജുകൾ എന്നു കാണുന്നു. എട്ടു വില്ലേജുകളിലും കൂടി ആകെ 326 വീടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൌതുകകരമായ മറ്റു പല സ്ഥിതിവിവരക്കണക്കുകളും ആ ചരിത്രരേഖയിലുണ്ട്. നെൽകൃഷി ചെയ്യുന്ന വയലുകളുടെ എണ്ണം കേവലം നാലെണ്ണമെന്നും കള്ള്-ചാരായ ഷാപ്പുകള്‍ അന്ന് സുലഭമായിരുന്നന്നും (ആറെണ്ണം) പ്രസ്തുതരേഖ പറയുന്നു. മറ്റ് പ്രസക്ത വിവരങ്ങൾ ഇങ്ങനെ:- വിവിധ മതങ്ങളുടെ ആരാധനാനാലയങ്ങള്‍ 49, വഴിയമ്പലം ഊട്ടുപുര, ചുങ്കപ്പുര തുടങ്ങിയവ എട്ടെണ്ണം, ആകെ പുരുഷന്മാര്‍ 730, സ്ത്രീകളുടെ എണ്ണം 581, ആകെ ജനസംഖ്യ 1311.

കോന്നി പ്രദേശത്ത് മിനർവ്വഖാൻ അലിഖാൻ എന്ന പഠാണി വംശജനായൊരാൾ കൊല്ലവർഷം 1080-കളില്‍ തിരുവിതാംകൂർ രാജാവിന്റെ ഭരണത്തിൻകീഴിൽ ഉദ്യോഗം വഹിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം നാലു പത്താന്‍ കുടുംബങ്ങൾ കൂടി കോന്നിയിലെത്തി. കൊല്ലവർഷം 1080-ാംമാണ്ടിനടുത്താണ് ആദ്യത്തെ മുസ്ളീംപള്ളി (പാറയില്‍ പള്ളി) സ്ഥാപിതമായതെന്ന് കരുതപ്പെടുന്നു. 1841-ല്‍ സ്ഥാപിതമായ കിഴവള്ളൂർ സെന്റ് പിറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയാണ് ക്രിസ്ത്യൻ മത വിഭാഗത്തിന്റെ ഈ പ്രദേശത്തെ ആദ്യത്തെ ആരാധനാലയം. കോന്നി സെന്‍റ് ജോർജ്ജ്  ഓർത്തഡോക്സ് പള്ളി മറ്റൊരു പ്രമുഖ ദേവാലയമാണ്. 1823-ല്‍ ആയില്യം തിരുനാളിന്റെ‍ ഭരണക്കാലത്താണ് കോന്നിയിൽ ആദ്യത്തെ പ്രൈമറി വിദ്യാലയം ആരംഭിച്ചത്. 1923-ല്‍ തുടക്കം കുറിച്ച എന്‍.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുള്ള വാതിൽ തുറന്നു. നടരാജഗുരുവിന്റെ‍ ശിഷ്യനായ ഗുരുനിത്യചൈതന്യയതി കോന്നിയുടെ കീർത്തി ലോകമെമ്പാടും എത്തിച്ച ദാർശനികനാണ്. കോന്നി വില്ലേജ് യൂണിയന്‍ ഭരണം നിലവില്‍ വന്നത് 1948-ല്‍ ആണ്. സാമൂഹ്യരംഗത്ത് പ്രമാണിമാരായ വ്യക്തികളെ സർക്കാര്‍ നോമിനേറ്റ് ചെയ്ത് കമ്മിറ്റി രൂപീകരിച്ച് വില്ലേജ് യൂണിയന്റെ ഭരണച്ചുമതല നല്കുികയായിരുന്നു. യൂണിയന്റെ ആദ്യ പ്രസിഡന്റാ യത് പഴൂര്‍ പി.ജി.രാമൻ പിള്ളയിരുന്നു. തിരു-കൊച്ചി സംസ്ഥാനത്തു നടന്ന ആദ്യത്തെ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ (1953) ഡോക്ടര്‍ എന്‍.ദാമോദരൻപിള്ള പ്രസിഡന്റാായ കമ്മിറ്റി നിലവില്‍ വന്നു.

📚 ചരിത്ര സംഗ്രഹം

പന്തളം രാജവംശത്തിന്റെ പൈതൃകവും, വനവാണിജ്യ ചരിത്രവും, ആനക്കൂടും, വിദ്യാഭ്യാസ പുരോഗതിയും, മതസൗഹാർദ്ദവും, തദ്ദേശഭരണ വികസനവും കോന്നിയെ കേരളത്തിലെ ശ്രദ്ധേയമായ ചരിത്രപ്രാധാന്യമുള്ള പ്രദേശമാക്കി മാറ്റുന്നു.